Saturday, September 9, 2017
Friday, October 23, 2015
Thursday, October 22, 2015
Monday, December 31, 2012
ലൈംഗികതയെയും സ്ത്രീപദവിയെയും സംബധിച്ച പിന്തിരിപ്പന്‍ ആശയങ്ങള്‍ വെച്ച്പുലര്‍ത്തുന്നഇന്നത്തെ 'ആധുനിക സ്വതന്ത്ര 'ഇന്ത്യയുടെ അവസ്ഥ സങ്കീര്‍ണമാണ്.സ്ത്രീകളെ തങ്ങളേക്കാള്‍ അധമരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും.അടിമത്തം സ്വാംശീകരിക്കാനുള്ള പരിശീലനമാന് സ്ത്രീകള്‍ക്കും പരമ്പരാഗതമായി നല്‍കി വരുന്നത്.അവരവരെത്തന്നെ അധമരായി കാണാന്‍ സ്ത്രീകളെ പഠിപ്പിക്കുന്ന ഈ പുരുഷാധിപത്യ ബോധമാണ് സ്ത്രീകളെ പുരുഷന്റെ അടിമകളാക്കാന്‍ ഉപയോഗിക്കുന്ന ആയുധം.അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന സാമൂഹ്യ സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്നു ഞാന്‍ കരുതുന്നില്ല.ദുര്‍ബലവും പഴുതുകള്‍ ഏറെയുള്ളതുമായ നിയമങ്ങളാണ് നമുക്കുള്ളതെന്നത് മാത്രമല്ല,വീടിനകത്തും തൊഴിലിടങ്ങളിലും വാഹനങ്ങളിലും പൊതു നിരത്തുകളിലും എല്ലാം തങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനാവശ്യമായ പിന്തുണ കുടുംബങ്ങളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കിട്ടുന്നുമില്ല.
സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ രാജ്യത്തും ജനങ്ങള്‍ക്കിടയിലും അപകടകരമാം വിധം തകര്‍ന്നു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങളുടെ പ്രതിഫലനം മാത്രമല്ല,സ്ത്രീകളുടെ കാര്യത്തില്‍ ഭരണസംവിധാനത്തില്‍ നിന്നുണ്ടാകുന്ന കടുത്ത അവഗണനയുടെ കൂടി പ്രതിഫലനമാണ് .
Sunday, November 28, 2010
അമ്മയാവുക എന്നാൽ …
മാതൃത്വത്തിന്റെ മഹത്വം ഘോഷിക്കാൻ നാവുകളേറെയാണ്. എന്നാൽ അമ്മയാവുക എന്നാൽ അത്യധികം അപകടകരവും സാഹസികവുമായ ഒന്നാണ് ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും.
കഴിഞ്ഞ വ൪ഷ൦ ലോകത്ത് സംഭവിച്ച മാതൃമരണങ്ങളിൽ (പ്രസവത്തോടനുബന്ധിച്ച അമ്മയുടെ മരണം) പകുതിയിലധികവും ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇന്ത്യയിൽ ഓരോ വർഷവും 78000 സ്ത്രീകൾ ഗർഭിണികളായിരിക്കുമ്പോഴോ, പ്രസവസമയത്തോ, പ്രസവത്തിനുശേഷം 42 ദിവസങ്ങൾക്കുള്ളിലോ മരണമടയുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനവും ഒഴിവാക്കാനാവുന്ന മരണങ്ങളാണെന്നത് ചേർത്തുവായിക്കുമ്പോൾ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് നമ്മൾ നടത്തുന്ന ഉദ്ഘോഷണങ്ങൾ എത്ര പൊള്ളയാണെന്ന് ബോധ്യമാവും. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 254 മരണം എന്നതാണ് ഒടുവിലത്തെ ഔദ്യോഗികകണക്ക്. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്ന മരണങ്ങൾ ഇതിലെത്രയോ അധികമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങളെ സംബന്ധിച്ച് ഒരു തരത്തിലുള്ള അന്വേഷണവും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് മിക്കസംസ്ഥാനങ്ങളിലും ഉണ്ടാകുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാതൃമരണങ്ങൾ ഒരു സ്വാഭാവിക ദുരന്തമായോ വിധിയായോ ഒക്കെ ഏറ്റെടുക്കുന്ന പാവപ്പെട്ട നാട്ടിൻ പുറത്തുകാർ സ്വയംപഴിക്കുകയല്ലാതെ തങ്ങൾക്കു നേരെ വിരൽ ചൂണ്ടില്ലെന്ന ധൈര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണന തുടരുകയാണ്.
ആരോഗ്യകരവും ശുചിത്വപൂര്‍ണവുമായ അന്തരീക്ഷത്തിൽ പ്രസവം നടക്കുന്നതിനുള്ള സൌകര്യമില്ല എന്നതാണ് ഭൂരിപക്ഷം മരണങ്ങൾക്കും കാരണം. ഏതാണ്ട് 100 ശതമാനം പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിനാൽ കേരളത്തിലെ മാതൃമരണനിരക്കാണ് ഇന്ത്യയിൽ ഏറ്റവും കുറവായിരിക്കുന്നത് (1 ലക്ഷം പ്രസവത്തിന് 95 മരണം). എന്നാൽ ഇതുപോലും സംഭവിക്കാൻ പാടില്ല എന്നതിനാൽ പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് കേരളത്തിൽ ആരോഗ്യവകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്.
ഉത്തർപ്രദേശ് (440 മരണം), ബീഹാർ (312 മരണം), ഒറീസ (303 മരണം), ഗുജറാത്ത് (160 മരണം) രാജസ്ഥാൻ (388 മരണം), ഹരിയാന (186 മരണം) എന്നീ സംസ്ഥാനങ്ങളിലെ മാതൃമരണനിരക്ക് കടുത്ത ആശങ്കയുണർത്തുന്നതാണ്. വൃത്തിയുള്ള ഭൌതികസാഹചര്യങ്ങൾ ആശുപത്രിയിൽ നൽകാനോ പ്രസവത്തിനായി സ്ത്രീകളെ ആശുപത്രികളിലെത്തിക്കാനോ ഉള്ള പിന്തുണാസംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള NRHM (ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി), JSY (ജനനിസുരക്ഷ യോജന) പോലുള്ള പദ്ധതികൾ പോലും കാര്യക്ഷമമാകുന്നില്ല എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയുമായി ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നത് കേരളത്തിന്റെയും ഗുജറാത്ത്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളുടെയും താരതമ്യത്തിൽ നിന്നു മനസിലാകും. സാമ്പത്തിക സ്ഥിതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഗുജറാത്തും ഹരിയാനയുമൊക്കെ മാതൃമരണനിരക്ക് കുറയ്ക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളം അഭിമാനകരമായ നേട്ടമാണ് ഈ കാര്യത്തിൽ നേടിയത് എന്നത് സാമ്പത്തിക നിലയേക്കാൾ പ്രധാനം സർക്കാരുകളുടെ രാഷ്ട്രീയ ഇഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണെന്ന് അടിവരയിടുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് ഈയിടെ നടത്തിയ സർവെ കാണിക്കുന്നത് രാജ്യത്ത് ഒന്നരലക്ഷത്തോളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലും ഇല്ലെന്നാണ്. 74000 ആശപ്രവർത്തകരുടെയും 21066 ആരോഗ്യപ്രവർത്തകരുടെയും കുറവ് രാജ്യത്ത് നിലനിൽക്കുന്നു എന്ന് യുനിസെഫിന്റെ പഠനം ആശങ്ക രേഖപ്പെടുത്തുന്നു. ആകെ പ്രസവങ്ങളിൽ 30 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിൽ ആശുപത്രികളിൽ നടക്കുന്നുള്ളൂ.
ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടു പ്രകാരം പൊതുജന ആരോഗ്യമേഖലയിലെ സർക്കാർ വിഹിതത്തിൽ ഇന്ത്യ 175 രാജ്യങ്ങളിൽ 71-ാ൦ സ്ഥാനത്താണ്. ഇന്ത്യയുടെ ജിഡിപിയുടെ 0.9 ശതമാനം മാത്രമാണ് ആരോഗ്യത്തിനു കേന്ദ്രസർക്കാർ മാറ്റിവെച്ചിട്ടുള്ളത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ശൈശവവിവാഹം, പെൺഭ്രൂണഹത്യ, മറ്റ് അനാചാരങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യ പ്രശ്നങ്ങളും അമ്മയാവുക എന്ന പ്രക്രിയയെ അപകടകരമാക്കിയിട്ടുണ്ട്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഗീർവാണ പ്രസംഗങ്ങളല്ല, ആരോഗ്യകരവും ശുചിത്വമുള്ളതുമായ ആശുപത്രികളും മെച്ചപ്പെട്ട പിന്തുണസംവിധാനങ്ങളും ആണ് ഇന്ത്യയിലെ സ്ത്രീകൾ ആവശ്യപ്പെടുന്നത്.
Sunday, March 7, 2010
മാര്‍ച്ച് 8 - ഓര്‍മ്മയല്ല - പ്രക്രിയയാണ്
ഒന്ന് : മുന്നൂ വർഷം മുൻപ് ഇംഗ്ലണ്ടിലെ ഒക്സ്ഫോഡിലെ ഗ്രാമീണ ഭവനത്തിലിരുന്ന്‍ സ്വന്തം ജീവിതത്തെ ചരിത്രത്തിൽ ഏഴുതി ചേർത്ത മാർത്തോ മോർസ് വർത്ത് . 'My name was Martha' എന്ന ആത്മ കഥനത്തിലൂടെ സ്ത്രീകളെ സമൂഹം പരുവപ്പെടുത്തുന്ന സാർവ്വജനീയമായ പ്രക്രിയയെ സൈദ്ധാന്തിക നാട്യങ്ങ ളൊന്നും കൂടാതെ മാർത്ത കാണിച്ചു തരുന്നു . ആത്മപ്രകാശനം ഒരു സ്ത്രീക്ക് ഇന്നും എത്രയോ വേദനാജനകമാണ് !
വനിതാ സംവരണം നീണാൾവാഴട്ടേ...
ദാരിദ്രം ...
തൊഴിലില്ലായ്മ....
ലിംഗ വിവേചനം ....
അതിക്രമം ....
ചൂഷണം...
മതമൌലികവാദം ....
വർഗ്ഗീയത ....
യുദ്ധം ...
വേറെയുമുണ്ട് കുന്തമുന തിരിക്കേണ്ട ലക്ഷ്യങ്ങൾ....
നമുക്ക് ക്ഷീണിക്കാതിരിക്കാം
പരസ് പ്പരം ആശ്വസിപ്പിക്കാം..
കൈ കോർത്തു പിടിക്കാം
മാറ്റങ്ങൾ എളുപ്പമല്ല ..
പക്ഷേ മാറ്റം അനിവാര്യമാണ്....
ലെനിൻ പറഞ്ഞു ..
പഴകിയ സദാചാര സാങ്കേതങ്ങൾ തകർക്കുക വേദനാജനകമായിരിക്കാം...എന്നാൽ അവ തകർക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....
Wednesday, February 17, 2010
ഏറ്റവും പ്രിയപ്പെട്ട രമ്യയ്ക്ക് ...
നിത്യം കടലെടുത്തിടും
ജന്മത്തിന്റെ തുരുത്തിൽ
വളഞ്ഞിരുന്നു നൂലിട്ടേ-
നതിൻ നീലക്കയങ്ങളിൽ..( അവൻ ഞാനല്ലേ )
ആറ്റൂർ , ജീവിതത്തിന്റെ അർഥങ്ങൾ തേടുന്നതിങ്ങനെയാണ്....കടലു കവർന്നു കൊണ്ടേയിരിയ്ക്കുന്ന ജന്മത്തിലും നാലു ചുവരുകൾക്കുള്ളിലും രമ്യയുടെ നോട്ടം ആകാശത്തിലേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും കടലിലേയ്ക്കും ആത്മാവിലേയ്ക്കുമാണ്. ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള ഈ സഞ്ചാരത്തിൽ അമ്പരപ്പുണ്ടാക്കുന്ന ആഴമുള്ള സൌഹൃദങ്ങളും പ്രണയത്തിന്റെ നീലശലഭങ്ങളും ഒരു കടൽ സ്വപ്നം പേറുന്ന ചുവന്ന പൂക്കളെപ്പോലുള്ള അക്ഷരങ്ങളും രമ്യയ്ക്കൊപ്പമുണ്ട്. ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള ഈ പെൺകുട്ടിയെ ജീവിതം ഒരുപാടു പഠിപ്പിച്ചിരിയ്ക്കുന്നു. ചെറുപ്രായത്തിൽ പോളിയോ കാലുകളെ തടവിലാക്കി .ബാല്യം കുസൃതി കാട്ടി കരയിച്ചു . കൌമാരത്തിന്റെ പ്രണയശലഭങ്ങളുടെ യൌവ്വനക്കാലത്താണ് അവളിപ്പോൾ. ജീവിതത്തിന്റെ ഏകാന്ത തുരുത്തിൽ കണ്ണുനീർ മാത്രം കൂട്ടാകുന്ന അവസ്ഥ ഒത്തിരിപ്പേർക്കുണ്ടാകും.പക്ഷേ, ആ വേദനയെ സ്വപ്നങ്ങളിലേയ്ക്കും അക്ഷരങ്ങളിലേയ്ക്കും അതിമനോഹരങ്ങളായ ബിംബങ്ങളിലേയ്ക്കും പരിവർത്തിപ്പിയ്ക്കുന്നത് കീഴടങ്ങലല്ല, പോരാട്ടമാണ്.
രമ്യയ്ക്ക് നോവുകൾ നല്കിയത് രോഗങ്ങൾ മാത്രമല്ല, സ്നേഹനിഷേധത്തിന്റെ ബാല്യാനുഭാവങ്ങൾ കൂടിയാണ് . മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽ വിറയ്ക്കുന്ന മെഴുകുപ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ എന്നാൽ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾ കൊണ്ടാണ്. മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽവിറയ്ക്കുന്ന മെഴുകു പ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ അനുഭവമാണ്. എന്നാല്‍ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾകൊണ്ടാണ് . കീറിത്തുന്നിയ യൂ ണിഫോമും ഒളിപ്പിച്ചു വെച്ച പുസ്തകങ്ങളും വെളിച്ചമായ അക്ഷരങ്ങളും മാത്രമാണ് ജീവിത ദുരിതങ്ങളോട് ഏറ്റു മുട്ടാനുള്ള ആയുധങ്ങളെന്ന്‍ ഒത്തിരി കുഞ്ഞനുജത്തിമാരോടും കുഞ്ഞനുജന്മാരോടും പറഞ്ഞു കൊടുക്കുന്ന രമ്യയ്ക്കിത് വടിവൊത്ത സാരോപദേശമല്ല, സ്വയം കരുപ്പിടിപ്പിച്ച ജീവിതം തന്നെയാണ്
സ്വപ്നങൾക്കും മോഹങ്ങൾക്കും അവധി നല്കിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യ നിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണിവ . തനിയ്ക്കു നിഷേധിക്കപ്പെട്ട സഞ്ചാരങ്ങളെക്കുറിച്ചുള്ള ഘനീഭവിച്ച വിങ്ങലായി 'ചാരനിറമുള്ള മുറിയുടെ' ഏകാന്തത നമ്മളറിയുന്നു .
അവരുടെ കണ്ണുകൾക്ക്
ഇളം ചൂടിന്റെ നനവുണ്ടായിരിയ്ക്കും..
കടലാസുകൾ നിറഞ്ഞേനെ ..(ചുവപ്പ്)
തന്റെ വേദനകളെ അംഗീകരിച്ചു കൊണ്ട് പ്രായത്തിനു ചേരാത്ത ഗാംഭീര്യത്തോടെയും ശാന്തതയോടെയും ആത്മാവിനെ നഗ്നവും സ്വതന്ത്രവുമാക്കാൻ രമ്യയ്ക്ക് കഴിയുന്നു. കവിത ജീവിതത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം തന്നെയാണ് . കവിതയിലും ജീവിതത്തിലും രമ്യയുടെ പോരാട്ടം പാഠമാകേണ്ടത് , ആവലാതികളും പരാതികളും കൊണ്ട് ജീവിതം നിറയ്ക്കുന്ന മാനസികാരോഗ്യം നഷ്ടപ്പെട്ട , നാമുൾപ്പെടുന്ന ദുർബരായ മനുഷ്യർക്കാണ്, അവശർക്കോ രോഗികൾ ക്കോ അല്ല. എല്ലാ വേദനകൾക്കിടയിലും ജീവിതം എത്ര മഹത്തരവും വിലപ്പെട്ടതുമാണെന്നും അക്ഷരം കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും സൗഹൃദത്തിന്റെ ആഘോഷം നിറയുന്ന ചെമുറിയിൽ ജീവിതത്തിന്റെ ഭംഗി നമുക്കും പങ്കിടാം .
അതിലൊരിടം ഞാനും സ്വന്തമാക്കി ....