Wednesday, February 17, 2010

ഏറ്റവും പ്രിയപ്പെട്ട രമ്യയ്ക്ക് ...


നി
ത്യം കടലെടുത്തിടും
ജന്മത്തിന്റെ തുരുത്തിൽ
വളഞ്ഞിരുന്നു നൂലിട്ടേ-
നതിൻ നീലക്കയങ്ങളിൽ..( അവൻ ഞാനല്ലേ )









റ്റൂർ
, ജീവിതത്തിന്റെ അർഥങ്ങൾ തേടുന്നതിങ്ങനെയാണ്....
കടലു കവർന്നു കൊണ്ടേയിരിയ്ക്കുന്ന ജന്മത്തിലും നാലു ചുവരുകൾക്കുള്ളിലും രമ്യയുടെ നോട്ടം ആകാശത്തിലേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും കടലിലേയ്ക്കും ആത്മാവിലേയ്ക്കുമാണ്. ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള സഞ്ചാരത്തിൽ അമ്പരപ്പുണ്ടാക്കുന്ന ആഴമുള്ള സൌഹൃദങ്ങളും പ്രണയത്തിന്റെ നീലശലഭങ്ങളും ഒരു കടൽ സ്വപ്നം പേറുന്ന ചുവന്ന പൂക്കളെപ്പോലുള്ള അക്ഷരങ്ങളും രമ്യയ്ക്കൊപ്പമുണ്ട്. ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ ജീവിതം ഒരുപാടു പഠിപ്പിച്ചിരിയ്ക്കുന്നു. ചെറുപ്രായത്തിൽ പോളിയോ കാലുകളെ തടവിലാക്കി .ബാല്യം കുസൃതി കാട്ടി കരയിച്ചു . കൌമാരത്തിന്റെ പ്രണയശലഭങ്ങളുടെ യൌവ്വനക്കാലത്താണ് അവളിപ്പോൾ. ജീവിതത്തിന്റെ ഏകാന്ത തുരുത്തിൽ കണ്ണുനീർ മാത്രം കൂട്ടാകുന്ന അവസ്ഥ ഒത്തിരിപ്പേർക്കുണ്ടാകും.പക്ഷേ, വേദനയെ സ്വപ്നങ്ങളിലേയ്ക്കും അക്ഷരങ്ങളിലേയ്ക്കും അതിമനോഹരങ്ങളായ ബിംബങ്ങളിലേയ്ക്കും പരിവർത്തിപ്പിയ്ക്കുന്നത് കീഴടങ്ങലല്ല, പോരാട്ടമാണ്.


രമ്യയ്ക്ക് നോവുകൾ നല്കിയത് രോഗങ്ങൾ മാത്രമല്ല, സ്നേഹനിഷേധത്തിന്റെ ബാല്യാനുഭാവങ്ങൾ കൂടിയാണ് . മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽ വിറയ്ക്കുന്ന മെഴുകുപ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ എന്നാൽ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾ കൊണ്ടാണ്. മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽവിറയ്ക്കുന്ന മെഴുകു പ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ അനുഭവമാണ്. എന്നാല്‍ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾകൊണ്ടാണ് . കീറിത്തുന്നിയ യൂ ണിഫോമും ഒളിപ്പിച്ചു വെച്ച പുസ്തകങ്ങളും വെളിച്ചമായ അക്ഷരങ്ങളും മാത്രമാണ് ജീവിത ദുരിതങ്ങളോട് ഏറ്റു മുട്ടാനുള്ള ആയുധങ്ങളെന്ന്‍ ഒത്തിരി കുഞ്ഞനുജത്തിമാരോടും കുഞ്ഞനുജന്മാരോടും പറഞ്ഞു കൊടുക്കുന്ന രമ്യയ്ക്കിത് വടിവൊത്ത സാരോപദേശമല്ല, സ്വയം കരുപ്പിടിപ്പിച്ച ജീവിതം തന്നെയാണ്


സ്വപ്നങൾക്കും മോഹങ്ങൾക്കും അവധി നല്കിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യ നിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണിവ . തനിയ്ക്കു നിഷേധിക്കപ്പെട്ട സഞ്ചാരങ്ങളെക്കുറിച്ചുള്ള ഘനീഭവിച്ച വിങ്ങലായി 'ചാരനിറമുള്ള മുറിയുടെ' ഏകാന്തത നമ്മളറിയുന്നു .

ചാര നിറമുള്ള ഒറ്റയ്ക്കായ ചെറിയ മുറികൾ നമ്മുടെ ചുറ്റുമൊരുപാടുണ്ടെന്ന് ഈ കവിതകൾ പറഞ്ഞു തരുന്നു. 'ഒറ്റയാൾ' എന്ന കവിതയ്ക്ക് വല്ലാത്ത തീകഷ്ണതയുണ്ട് . ഈ കവിത നമ്മളെ കുറ്റപ്പെടുത്തുന്നില്ല, പക്ഷെ ചിലത് സൌമ്യമായി ഓർമ്മിപ്പിയ്ക്കുന്നു .

ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവരുടെ കണ്ണുകൾക്ക്
ഇളം ചൂടിന്റെ നനവുണ്ടായിരിയ്ക്കും..


കവിതയുടെ പതിവു രീതികൾ തെറ്റിച്ച് ഓർക്കാപ്പുറത്ത് ചില പ്രയോഗങ്ങളിലൂടെ രമ്യ പലപ്പോഴും നമ്മെ അമ്പരപ്പിയ്ക്കുന്നുണ്ട്. അതിലൊന്നാണ് ഇളം ചൂടിന്റെ നനവ്‌ . നമ്മുടെ പരിചയം നനവിന്റെ (കണ്ണുനീരിന്റെ ) ചൂടാണ് . ഒറ്റയ്ക്കായവരുടെ ചെറുമുറിയിലെ ജനാലയിൽക്കൂടി അകത്തേയ്ക്കു വീഴുന്ന ഒരു പ്രകാശ രശ്മി മഴവില്ലുകളെ പ്രസവിയ്ക്കുന്നു . ഈ നിറ ങ്ങൾ സ്വപ്നങ്ങളാണ്, ആഴത്തിൽ ഉപ്പുരസം പുരണ്ടവ . ..

കണ്ണീരിന്റെ... ഏകാന്തതയുടെ... ജീവിതത്തിന്റെ.... എല്ലാ നഷ്ടങ്ങളുടേയും കൂട്ട് എന്നത്, ജീവിതത്തെ നിലർനിത്തുന്ന അനുഭവവും ആത്മാവുകളുടെ പങ്കിടലുമാണെന്ന് രമ്യ ബോധ്യപ്പെടുത്തുന്നു . എന്നാൽ ഒറ്റയ്ക്കായവർക്കൊപ്പം കൂട്ടിരിയ്ക്കാൻ പതഞ്ഞു പൊന്തുന്ന ആഘോഷങ്ങൾ വെടിഞ്ഞ് ആരൊക്കെ തയ്യാറാകും എന്ന ചോദ്യത്തിന് നമ്മൾ മറുപടി പറയണം....

നേരിട്ട് ബിംബങ്ങളെന്നതിനേക്കാൾ പറയാത്ത വാക്കുകളുടെ അസാന്നിധ്യം കൊണ്ടും വികാരങ്ങളും അർത്ഥങ്ങളും ധ്വനിപ്പിയ്ക്കുന്നതിന്‍ രമ്യയ്ക്കു കഴിയുന്നു .

വിരലറ്റം മുറിഞ്ഞിരുന്നെങ്കിൽ
കടലാസുകൾ നിറഞ്ഞേനെ ..(ചുവപ്പ്)


ഇവിടെ ചുവപ്പ് എന്ന ബിംബം ഉപയോഗിയ്ക്കുന്നതിനു മുൻപു തന്നെ എത്ര പെട്ടെന്നാണ് കടലാസിലും പ്രകൃതിയിലുമെല്ലാം ചുവപ്പു പടരുന്നത് ! ചുവപ്പ് സ്നേഹത്തിന്റെ ബിംബമാണ് . എന്നാൽ ഇരുട്ടും കറുപ്പും ഒരു യാഥാർഥ്യം തന്നെയാണെന്നു ബോധ്യപ്പെടുത്താനും രമ്യയ്ക്ക് ഒരു വരി മതി.

വാങ്ങാനുള്ളവയുടെ കുറിപ്പടിയിലെ അലമാരകളിൽ ജീവിതമോഹങ്ങളാണ് നിറയ്ക്കേണ്ടത് . പുസ്തകങ്ങളും കരിവളകളും പൊട്ടും ചാന്തും സ്വപ്നങ്ങളും സു ക്ഷിക്കാൻ ഒത്തിരിയിടവും ബാക്കിയുള്ള അലമാരകൾ ജീവിതത്തെ അതിന്റെ എല്ലാ ഭംഗിയോടെയും സ്നേഹിയ്ക്കുന്ന രമ്യയുടെ മനസ്സു തന്നെയാണ് .

രാത്രികളെ പ്രണയിക്കുമ്പോൾ എന്ന കവിതയിലും പുസ്തകങ്ങളുടെ അലമാരയുണ്ട്. ' ദൂത് ' എന്ന കവിത അസാമാന്യ ദ്രിശ്യബോധമാണ് പകരുന്നത്. ഇടയ്ക്കു പൊട്ടിത്തെറിച്ചും ഉയർന്നു കത്തിയും ചുവപ്പും മഞ്ഞയും തീനാളങ്ങളുമായി ആളിപ്പടരുന്ന കരിയിലക്കാടിന്റെ ദൂതുമായി ആകാശത്തേക്കുയരുന്ന പുകയും ഗന്ധവും പറയുന്നത് ഒരു ജന്മത്തെക്കുറിച്ചാണ് . ആകാശവും നക്ഷത്രങ്ങളും കടലും കാറ്റും മഴയുമൊന്നും പ്രകൃതിദ്രിശ്യങ്ങളല്ല, രമ്യയ്ക്ക് അനുഭവങ്ങൾ തന്നെയാണ് . ആത്മാവിൽ നിന്നും അക്ഷരങ്ങളി ലേയ്ക്കും അവിടെ നിന്ന്‍ ആകാശത്തേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും നിരന്തരം ചിറകടിയ്ക്കുന്ന ശലഭമായി രമ്യയുടെ കവിത സഞ്ചരിക്കുന്നു. പ്രണയം ഈ സഞ്ചാരങ്ങളിലെ അരൂപിയായ കാമുകനായും വെളിച്ചമായും നീലശലഭമായും പച്ചപ്പായും ഒന്നിനും വേണ്ടിയല്ലാത്ത കൂട്ടിരിപ്പായും കൂടെയുണ്ട് .

തന്റെ വേദനകളെ അംഗീകരിച്ചു കൊണ്ട് പ്രായത്തിനു ചേരാത്ത ഗാംഭീര്യത്തോടെയും ശാന്തതയോടെയും ആത്മാവിനെ നഗ്നവും സ്വതന്ത്രവുമാക്കാൻ രമ്യയ്ക്ക് കഴിയുന്നു. കവിത ജീവിതത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം തന്നെയാണ് . കവിതയിലും ജീവിതത്തിലും രമ്യയുടെ പോരാട്ടം പാഠമാകേണ്ടത് , ആവലാതികളും പരാതികളും കൊണ്ട് ജീവിതം നിറയ്ക്കുന്ന മാനസികാരോഗ്യം നഷ്ടപ്പെട്ട , നാമുൾപ്പെടുന്ന ദുർബരായ മനുഷ്യർക്കാണ്, അവശർക്കോ രോഗികൾ ക്കോ അല്ല. എല്ലാ വേദനകൾക്കിടയിലും ജീവിതം എത്ര മഹത്തരവും വിലപ്പെട്ടതുമാണെന്നും അക്ഷരം കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും സൗഹൃദത്തിന്റെ ആഘോഷം നിറയുന്ന ചെമുറിയിൽ ജീവിതത്തിന്റെ ഭംഗി നമുക്കും പങ്കിടാം .


രമ്യയെ ഞാൻ കണ്ടത് സൂരജിനോപ്പം അവളുടെ വാടക വീട്ടിൽ വെച്ചാണ് . തിളങ്ങുന്ന കണ്ണുകളോടെ , നിറഞ്ഞ ചിരിയോടെ അവൾ ബ്ലോഗിനെക്കുറിച്ചും സുഹൃത്തുക്കുറിച്ചും സംസാരിച്ചു . സൗഹൃദങ്ങളുടെ ഉഷ്മളതയാണ് അവളെ ജീവിതവും ലോകവുമായി ചേർത്തു നീർത്തുന്നത് . എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല ഈ സ്നേഹവായ്പ്പുകളെ... വേദനയ്ക്കൊപ്പമിരിയ്ക്കാൻ ആർക്കും ഒഴിവില്ലാത്ത വർത്തമാനകാലത്ത് ആഘോഷങ്ങളിലും ആരവങ്ങളിലും ഒറ്റയ്ക്കായ രമ്യയുടെ ചെറിയ മുറിയിൽ ആഴമുള്ള സൗഹൃദങ്ങളുടെ വസന്തം വിടരുന്നതു ഞാൻ കണ്ടു . ...
അതിലൊരിടം ഞാനും സ്വന്തമാക്കി ....

ചാരനിറമുള്ള കൊച്ചു മുറികളിലെ തടവുകാരെ സ്നേഹത്തിന്റെ ആഘോഷങ്ങളിയ്ക്കു സ്വതന്ത്രരാക്കുന്ന സൗഹൃദത്തിന്റെ സാന്ത്വനം കമ്പോളത്തിന്റെ കള്ളികളിലൊതുങ്ങില്ല . രമ്യ തിരിച്ചറിയുന്നതു പോലെ വറ്റിയ പുഴകൾ സ്നേഹത്തിന്റെ ജലസമൃദ്ധിയാൽ കരകവിഞൊഴുകകയും ജീവിതം അതിന്റെ പച്ചപ്പ്‌ വീണ്ടെടുക്കുകയും ചെയ്യുന്ന ജൈവ പ്രക്രിയയാണത്. രമ്യയ്ക്കൊപ്പം ജീവിതം നമുക്കും വീണ്ടെടുക്കാം ..സ്നേഹത്തിന്റെ മിന്നാമിനുങ്ങുങ്ങളെ ഇരുട്ടിലേയ്ക്ക് പറത്തി വിടാം......