Sunday, November 28, 2010

അമ്മയാവുക എന്നാൽ …

മാതൃത്വത്തിന്റെ മഹത്വം ഘോഷിക്കാൻ  നാവുകളേറെയാണ്. എന്നാൽ അമ്മയാവുക എന്നാൽ അത്യധികം അപകടകരവും സാഹസികവുമായ ഒന്നാണ് ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും. 

mother-care

കഴിഞ്ഞ വ൪ഷ൦ ലോകത്ത് സംഭവിച്ച മാതൃമരണങ്ങളിൽ (പ്രസവത്തോടനുബന്ധിച്ച അമ്മയുടെ മരണം) പകുതിയിലധികവും ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇന്ത്യയിൽ ഓരോ വർഷവും 78000 സ്ത്രീകൾ ഗർഭിണികളായിരിക്കുമ്പോഴോ, പ്രസവസമയത്തോ, പ്രസവത്തിനുശേഷം 42 ദിവസങ്ങൾക്കുള്ളിലോ മരണമടയുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനവും ഒഴിവാക്കാനാവുന്ന മരണങ്ങളാണെന്നത് ചേർത്തുവായിക്കുമ്പോൾ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് നമ്മൾ നടത്തുന്ന ഉദ്ഘോഷണങ്ങൾ എത്ര പൊള്ളയാണെന്ന് ബോധ്യമാവും. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 254 മരണം എന്നതാണ് ഒടുവിലത്തെ ഔദ്യോഗികകണക്ക്. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്ന മരണങ്ങൾ ഇതിലെത്രയോ അധികമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങളെ സംബന്ധിച്ച് ഒരു mother-care3തരത്തിലുള്ള അന്വേഷണവും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് മിക്കസംസ്ഥാനങ്ങളിലും ഉണ്ടാകുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാതൃമരണങ്ങൾ ഒരു സ്വാഭാവിക ദുരന്തമായോ വിധിയായോ ഒക്കെ ഏറ്റെടുക്കുന്ന പാവപ്പെട്ട നാട്ടിൻ പുറത്തുകാർ സ്വയംപഴിക്കുകയല്ലാതെ തങ്ങൾക്കു നേരെ വിരൽ ചൂണ്ടില്ലെന്ന ധൈര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണന തുടരുകയാണ്.

ആരോഗ്യകരവും ശുചിത്വപൂര്‍ണവുമായ അന്തരീക്ഷത്തിൽ പ്രസവം നടക്കുന്നതിനുള്ള സൌകര്യമില്ല എന്നതാണ് ഭൂരിപക്ഷം മരണങ്ങൾക്കും കാരണം. ഏതാണ്ട് 100 ശതമാനം പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിനാൽ കേരളത്തിലെ മാതൃമരണനിരക്കാണ് ഇന്ത്യയിൽ ഏറ്റവും കുറവായിരിക്കുന്നത് (1 ലക്ഷം പ്രസവത്തിന് 95 മരണം). എന്നാൽ ഇതുപോലും സംഭവിക്കാൻ പാടില്ല എന്നതിനാൽ പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് കേരളത്തിൽ ആരോഗ്യവകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. 

ഉത്തർപ്രദേശ് (440 മരണം), ബീഹാർ (312 മരണം), ഒറീസ (303 മരണം), ഗുജറാത്ത് (160 മരണം) രാജസ്ഥാൻ (388 മരണം), ഹരിയാന (186 മരണം) എന്നീ സംസ്ഥാനങ്ങളിലെ മാതൃമരണനിരക്ക് കടുത്ത ആശങ്കയുണർത്തുന്നതാണ്. വൃത്തിയുള്ള ഭൌതികസാഹചര്യങ്ങൾ ആശുപത്രിയിൽ നൽകാനോ പ്രസവത്തിനായി സ്ത്രീകളെ ആശുപത്രികളിലെത്തിക്കാനോ ഉള്ള പിന്തുണാസംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള NRHM (ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി), JSY (ജനനിസുരക്ഷ യോജന) പോലുള്ള പദ്ധതികൾ പോലും കാര്യക്ഷമമാകുന്നില്ല എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയുമായി ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നത് കേരളത്തിന്റെയും ഗുജറാത്ത്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളുടെയും താരതമ്യത്തിൽ നിന്നു മനസിലാകും. സാമ്പത്തിക സ്ഥിതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഗുജറാത്തും ഹരിയാനയുമൊക്കെ മാതൃമരണനിരക്ക് കുറയ്ക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളം അഭിമാനകരമായ നേട്ടമാണ് ഈ കാര്യത്തിൽ നേടിയത് എന്നത് സാമ്പത്തിക നിലയേക്കാൾ പ്രധാനം സർക്കാരുകളുടെ രാഷ്ട്രീയ ഇഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണെന്ന് അടിവരയിടുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് ഈയിടെ നടത്തിയ സർവെ കാണിക്കുന്നത് രാജ്യത്ത് ഒന്നരലക്ഷത്തോളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലും ഇല്ലെന്നാണ്. 74000 ആശപ്രവർത്തകരുടെയും 21066 ആരോഗ്യപ്രവർത്തകരുടെയും കുറവ് രാജ്യത്ത് നിലനിൽക്കുന്നു എന്ന് യുനിസെഫിന്റെ പഠനം ആശങ്ക രേഖപ്പെടുത്തുന്നു. ആകെ പ്രസവങ്ങളിൽ 30 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിൽ ആശുപത്രികളിൽ നടക്കുന്നുള്ളൂ.

raja_ravivarma_painting_17_mother_and_child

ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടു പ്രകാരം പൊതുജന ആരോഗ്യമേഖലയിലെ സർക്കാർ വിഹിതത്തിൽ ഇന്ത്യ 175 രാജ്യങ്ങളിൽ 71-ാ൦ സ്ഥാനത്താണ്. ഇന്ത്യയുടെ ജിഡിപിയുടെ 0.9 ശതമാനം മാത്രമാണ് ആരോഗ്യത്തിനു കേന്ദ്രസർക്കാർ മാറ്റിവെച്ചിട്ടുള്ളത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ശൈശവവിവാഹം, പെൺഭ്രൂണഹത്യ, മറ്റ് അനാചാരങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യ പ്രശ്നങ്ങളും അമ്മയാവുക എന്ന പ്രക്രിയയെ അപകടകരമാക്കിയിട്ടുണ്ട്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഗീർവാണ പ്രസംഗങ്ങളല്ല, ആരോഗ്യകരവും ശുചിത്വമുള്ളതുമായ ആശുപത്രികളും മെച്ചപ്പെട്ട പിന്തുണസംവിധാനങ്ങളും ആണ് ഇന്ത്യയിലെ സ്ത്രീകൾ ആവശ്യപ്പെടുന്നത്.